Testimonials

  • Home
  • About us
  • Testimonials
Back

Mr. Sheriff Ibrahim

ദയവു ചെയ്തു ഇത് മുഴുവന്‍ വായിക്കണം. നിങ്ങള്‍ക്ക് ഉപകാരമാവാം. ------------------------------------ എനിക്ക് വയസ്സ് 65 ആയി. ദൈവാധീനം കൊണ്ട് പറയത്തക്ക അസുഖം ഒന്നുമില്ല. അല്‍ഹംദുലില്ലാ (ദിവത്തിനു സ്തുതി). പക്ഷെ, ഒരു വര്‍ഷത്തോളമായി ഇടതു കയ്യിലെ മോതിര വിരല്‍ സ്വയം പകുതിപോലും ഉയര്‍ത്താന്‍ പറ്റുന്നില്ല. ഞാനത് അത്ര കാര്യമാക്കിയില്ല. കമ്പ്യൂട്ടര്‍ ടൈപ്പ് ചെയ്യുമ്പോള്‍ "a"യും "s"യും ഒരേ വിരല്‍ കൊണ്ട് ടൈപ്പ് ചെയ്യേണ്ടി വന്നു എന്ന് മാത്രം. അങ്ങിനെയിരിക്കെ ഖത്തറില്‍ നിന്ന് വന്ന എന്റെ ഒരു കസ്സിനു ഇതേ പ്രശ്നം ഉണ്ടായിരുന്നുവെന്നും അതിനു trigger finger എന്നാണു പേര് എന്നും പറഞ്ഞു. ചെറിയൊരു സര്‍ജറിയിലൂടെ ഇത് ക്ലിയര്‍ ആക്കാമെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങിനെ എന്റെ മകന്റെ നിര്‍ബന്ധപ്രകാരം ഞാന്‍ സര്‍ജറി കഴിഞ്ഞു അവിടെ ഇന്‍-പേഷ്യന്റ് ആയി കിടക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളോടെ ഒരു പ്രമുഖ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ പോയി. എന്റെ ബന്ധുവായ ഒരു ഡോക്ടര്‍ അവിടെക്ക് വിളിച്ചു പറഞ്ഞതനുസരിച്ച് കാര്യങ്ങളൊക്കെ വേഗം നടന്നു. op യില്‍ മണിക്കൂറുകളോളം വെയിറ്റ് ചെയ്യാതെ നേരെ തിയ്യറ്ററിന്നടുത്തുള്ള പ്രൈവറ്റ് റൂമില്‍ പ്ലാസ്റ്റിക്‌ സര്‍ജറിയില്‍ പ്രഗല്‍ഭനായ പ്ലാസ്റ്റിക്‌ സര്‍ജറി ഡോക്ടറെ ചെന്ന് കണ്ടു. ഇതിനു മുമ്പ് വീഴുകയോ വലിയ ഭാരം പെട്ടെന്ന് എടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ഡോക്ടറുടെ ചോദ്യത്തിന് ഒന്നരക്കൊല്ലം മുമ്പ് ഞാന്‍ റൂമില്‍ കാല്‍ വഴുതി വീണിട്ടുണ്ട് എന്ന് മറുപടി കൊടുത്തു. ആ ഡോക്ടര്‍ എന്നെ അതെ ഹോസ്പിറ്റലിലെ ഒരു ന്യൂറോസര്‍ജന്റെ അടുത്തേക്ക് റഫര്‍ ചെയ്തു. അങ്ങിനെ ഞങ്ങള്‍ ന്യൂറോ സര്‍ജന്റെ അടുത്തേക്ക് പോയി. അദ്ദേഹം നിര്‍ദേശിച്ച പോലെ NCS ടെസ്റ്റ്‌ നടത്തി. റിസള്‍ട്ട്‌ വാങ്ങാന്‍ പിറ്റേന്ന് വരാന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ തിരിച്ചു പോന്നു. പിറ്റേന്നും സര്‍ജറി നടത്തിക്കഴിഞ്ഞാല്‍ ഇന്‍-പേഷ്യന്റ് ആയാല്‍ വേണ്ട സാധനങ്ങളുമായി ഞങ്ങള്‍ വീണ്ടും ആ ഹോസ്പിറ്റലില്‍ ചെന്നു. അദ്ദേഹം പരിശോധിച്ചിട്ടു പറഞ്ഞത് എന്റെ പ്രോബ്ലം കണ്ടു പിടിക്കാന്‍ കഴിയുന്നില്ല. അത് കൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു. ഞങ്ങള്‍ നിരാശയോടെ അതെ ഹോസ്പിറ്റലിലെ അതെ പ്ലാസ്റ്റിക്‌ സര്‍ജറി ഡോക്ടറെ വീണ്ടും കണ്ടു. അദ്ദേഹം പറഞ്ഞത് ഇങ്ങിനെ.. "ഒരു വര്‍ഷം മുമ്പത്തെ പ്രശ്നമായത് കൊണ്ട് ഇത് ശെരിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇനി ശ്രമിച്ചാലും അത് റിക്കവര്‍ ആവാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുക്കും. അതും ശെരിയാവും എന്ന് ഉറപ്പില്ല. ഒരു MRI സ്കാനും X-rayയും എടുക്കുക. ഒന്ന് ശ്രമിച്ചു നോക്കാം. ഒരു പ്രതീക്ഷയുമില്ല". എന്റെ ആ വിരലിന്റെ അടുത്ത വിരലിലും തരിപ്പ് തുടങ്ങിയിട്ടുണ്ട്. ഇനി അത് മറ്റു വിരലിലേക്കും തുടര്‍ന്ന് ആ കൈപത്തിയിലേക്കും പിന്നീട് കൈ മുഴുവന്‍ തളരുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അങ്ങിനെ വരില്ലെന്ന് ആ ഡോക്ടര്‍ പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ MRI സ്കാന്‍ എടുക്കാന്‍ ചെന്നു. അവിടെ ഭയങ്കര തിരക്ക്. ഒരു രക്ഷയുമില്ല. പിറ്റേന്ന് കാലത്ത് വന്നാല്‍ ആദ്യം എന്റെ സ്കാന്‍ എടുക്കാം എന്നവര്‍ പറഞ്ഞു. ഞാന്‍ തിരിച്ചു പോന്നു. അന്ന് എന്റെ മകന്‍ ഷെഫീറിന്റെ ഭാര്യ വീട്ടില്‍ പോകേണ്ടതുണ്ടായിരുന്നു. സംസാരമദ്ധ്യേ ഈ വിഷയം അവന്റെ ഭാര്യാപിതാവിനോട് മകന്‍ പറഞ്ഞു. വടക്കാഞ്ചേരിക്കടുത്തുള്ള എരുമപ്പെട്ടിക്കടുത്ത് നെല്ലുവായ് എന്ന സ്ഥലത്ത് "ധ്വന്നന്തരി ആയൂര്‍വേദ ഭവന്‍" എന്ന ഹോസ്പിറ്റലില്‍ ഒന്ന് കാണിക്കുന്നത് നല്ലതാണെന്നും അദ്ദേഹത്തിന് ഒരു പാട് സ്വന്തം അനുഭവം ഉണ്ടെന്നും പറഞ്ഞു. എന്തായാലും അവിടെ പോകാം എന്ന മകന്റെ വാശി ജയിച്ചു. അങ്ങിനെ ഞങ്ങള്‍ ആ ആയുര്‍വേദ ഭവനില്‍ എത്തി. ആയുര്‍വേദ ഭവന്‍ മേനേജര്‍ V.V. ശ്രീകുമാരവാര്യരെ ഞാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഒന്നാം നമ്പര്‍ തന്നെ കിട്ടി. കൃത്യം എട്ടര മണിക്ക് പ്രധാന ഡോക്ടര്‍ ശ്രീകൃഷ്ണന്‍ MD (Ay) എന്നെ പരിശോധിച്ചു. കോട്ടക്കല്‍ ആയൂര്‍വേദ കോളേജില്‍ നിന്ന് പ്രൊഫെസ്സര്‍ ആയി റിട്ടയെര്ട് ചെയ്ത ഡോക്ടര്‍ ആണ് അദ്ദേഹം. കൃത്യനിഷ്ഠയുടെ കാര്യത്തിലും രോഗികളോട് പെരുമാറുന്ന കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിരലിലെണ്ണാവുന്ന ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോക്ടര്‍ ശ്രീകൃഷ്ണന്‍. അല്ലെങ്കിലും ഹിന്ദുക്കള്‍ ആരാധിക്കുന്ന ഭഗവാന്റെ നാമം ആണല്ലോഡോക്ടര്‍ക്ക് മാതാപിതാക്കള്‍ നല്‍കിയത്? ഡോക്ടറുടെ റൂമിന്റെ വാതിലില്‍ കൊത്തുപണിയില്‍ ഒരു ചിത്രമുണ്ട്. അത് മഹാവിഷ്ണുവിന്റെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന്റെ മുകളില്‍ സംസ്കൃതത്തില്‍ ഒരു വാചകം ഉണ്ട് "ശ്രീധ്വന്നന്തരായ നമ:" എന്ന്. (സ്കൂളില്‍ ഞാന്‍ സംസ്കൃതം പഠിച്ചത് നന്നായെന്നു തോന്നുന്നു). രണ്ടാഴ്ചത്തേക്ക് ഗുളികകളും കുറച്ച തൈലവും തന്നു. ദൈവത്തിന്റെ നിയോഗവും ഡോക്ടറുടെ കൈപുണ്ണ്യവും കൊണ്ട് വെറും പത്ത് ദിവസം ആവുമ്പോഴേക്കും എന്റെ വിരല്‍ എണ്‍പത് ശതമാനം സ്വയം ഉയര്‍ത്താന്‍ പറ്റി. പറഞ്ഞ പ്രകാരം രണ്ടാഴ്ച കഴിഞ്ഞു ഞാന്‍ വീണ്ടും അവിടെ ചെന്ന് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. ഉണ്ടായ സംഭവങ്ങളില്‍ കുറച്ചൊക്കെ അത്ഭുദം തോന്നിയ അദ്ദേഹം പറഞ്ഞത് ഈ 65 വയസ്സിന്നിടയിലും ഞാന്‍ കൂടുതല്‍ ഇംഗ്ലീഷ് മരുന്നുകളോ മറ്റു മരുന്നുകളോ ഒന്നും കഴിച്ചിട്ടില്ലാത്തതിനാലാണ് ഇത്ര പെട്ടെന്ന് ഈ പുരോഗതി ഉണ്ടായത് എന്നാണ്. സ്വതവേ സംസാരപ്രിയനാണ് ഞാന്‍. പക്ഷെ അന്ന് ഡോക്ടറാണ് ഒരു പാട് കാര്യങ്ങള്‍ എന്നോട് സംസാരിച്ചത്. പുറത്ത് ആളുകള്‍ കാത്തു നില്‍ക്കുകയാണല്ലോ എന്ന് എന്റെ മനസ്സ് മന്ത്രിച്ചു എഴുനേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഡോക്ടര്‍ ഒരു പാട് കാര്യങ്ങള്‍ അരമണിക്കൂറിലേറെ എന്നോട് സംസാരിച്ചു. ശെരിക്കും അവിടെ ഡോക്ടര്‍ - രോഗി എന്ന ബന്ധംമാറി പ്രോഫെസ്സര്‍ - വിദ്യാര്‍ഥി എന്ന നില വന്നു. തിരിച്ച് പോരുമ്പോള്‍ ഞാന്‍ ഡോക്ടറുടെ ഒരു ആരാധകനായി മാറി എന്നതാണ് സത്യം. എനിക്ക് ആകെ ചിലവ് വന്നത് വെറും ആയിരത്തിനാനൂറില്‍ താഴെ മാത്രം. അവര്‍ ചികിത്സയെ ബിസിനെസ്സ് ആയി കാണുന്നില്ല. ദൈവപ്രീതി മാത്രം ഉദ്യേശിക്കുന്നു. ഈ അസുഖത്തിനല്ല, പൊതുവേ ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ അവിടെ താമസിച്ചു ഒരു നവര കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഓണം കഴിയട്ടെ എന്ന ഡോക്ടറുടെ മറുപടി കേട്ട എന്റെ മനസ്സ് ഓണം കഴിയാന്‍ കാത്ത് നില്‍ക്കുകയാണ്. ആദ്യം എഴുതിയ പോലെ അധികം മരുന്നുകള്‍ കഴിക്കാത്ത ഈ വയസ്സനായ ഞാന്‍ ആയൂര്‍വേദത്തോട് ഒരു തൃപ്തിയില്ലായ്മ ഉണ്ടായത് ഈ സംഭവത്തോടെ എന്റെ മനസ്സില്‍ നിന്ന് കുഴിച്ചു മൂടി. എന്നെ അങ്ങോട്ട്‌ പറഞ്ഞയച്ച മകന്റെ ഭാര്യാപിതാവ് അബൂഹാജിയോട് നന്ദി പറയേണ്ടതില്ലെങ്കിലും എന്റെ തൃപ്തിക്ക് വേണ്ടി ഹൃദയം നിറഞ്ഞ നന്ദി അബൂഹാജിയോട് ഈയവസരത്തില്‍ പറയുന്നു. അതോടൊപ്പം ഡോക്ടര്‍ ശ്രീകൃഷ്ണനോടും ആ ഹോസ്പിറ്റലിലെ മറ്റു ഡോക്ടര്‍മാരോടും സര്‍വോപരി മേനെജര്‍ ശ്രീകുമാരവാര്യരോടും മറ്റെല്ലാ സ്റ്റാഫിനോടും എന്റെയും കുടുംബത്തിന്റെയും നന്ദി. ഡോക്ടര്‍ക്ക് ദൈവം ഈ കൈപുണ്ണ്യവും ദീര്‍ഘായുസ്സും നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഇന്നലെ 5 ഓഗസ്റ്റ്‌ ഞാന്‍, ഒരു രോഗിയെ കാണാന്‍ പോയ കൂട്ടത്തില്‍ എന്നെ ആദ്യം പരിശോധിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരെ കാണാന്‍ പോയി. പക്ഷെ ആ ഡോക്ടര്‍മാര്‍ ഞാന്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ മേനെജരോട് വളരെ ഭവ്യതയോടെ വിവരം പറഞ്ഞു. അദ്ദേഹം രണ്ടു വാക്ക് മാത്രം പറഞ്ഞു. സോറി എന്നും ഗോഡ് ബ്ലെസ് യു എന്നും. ------------ മേമ്പൊടി: എന്തിനായാലും, പ്രത്യേകിച്ച് അസുഖത്തിന് ഡോക്ടറെ കണ്ടാല്‍ ഒരു second opinion നല്ലതാണ്.

Submit your Testimonial

Book an Appointment